'ആയിഷ' ഇന്നലെയാണ് കണ്ടത്. സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി കാലങ്ങൾക്ക് മുമ്പേ പൊരുതിയ ധീര വ്യക്തിത്വം നിലമ്പൂർ ആയിഷയുടെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവം മാത്രം എടുത്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.
ഒരു ജീവചരിത്ര ചലച്ചിത്രം എന്നതിനപ്പുറം സൗഹൃദത്തിന്റെ മധുര കാഴ്ചകളാണ് സിനിമ നമുക്ക് സമ്മാനിക്കുന്നത്. മഞ്ജു വാര്യരുടെ ഉജ്ജ്വല അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് ' ആയിഷ'. 'ഞാന്‍ മരിച്ചുപോയാലും സിനിമ ബാക്കിയാവും' . തന്‍റെ കഷ്‌ടപ്പാടുകളും ദുരന്ത കാലവുമെല്ലാം മഞ്ജു വാര്യര്‍ വളരെ കൃത്യമായി അവതരിപ്പിച്ചതില്‍ സന്തോഷമുണ്ട്.ഈ സിനിമ കണ്ട നിലമ്പൂർ ആയിഷയുടെ വാക്കുകളാണിത്.
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമ പൂർണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന കഥയും കാഴ്ചയുമാണ് സമ്മാനിക്കുന്നത്. അറബി നാടിന്റെ സുന്ദര കാഴ്ചകളും സിനിമ നമുക്ക് സമ്മാനിക്കുന്നുണ്ട്. രണ്ടു വ്യത്യസ്ത പ്രായവും, രണ്ടു വ്യത്യസ്ത സംസ്കാരങ്ങളിൽ ജീവിച്ചതുമായ രണ്ട് സ്ത്രീകളുടെ സൗഹൃദത്തിന്റെ, ആത്മബന്ധത്തിന്റെ കാഴ്ചകളാണ് 'ആയിഷ'.
കഥയുടെ ക്ലൈമാക്സിലെ നാടകത്തിലെ രംഗ സജീകരണങ്ങൾ പഴയ കലാനിലയം നാടക വേദിയുടെ ഓർമ്മകൾ ഉണർത്തുന്നതായി.
ലോക സിനിമാ വിഭാഗത്തിൽ പെടുത്താവുന്ന അവതരണ ശൈലി തന്നെ ആണ് ഈ സിനിമയിൽ സ്വീകരിച്ചിട്ടുള്ളത്. അറബി ഉൾപ്പെടെയുള്ള ഭാഷകളിൽ സിനിമ റിലീസ് ചെയ്തിട്ടുണ്ട്.
ഹൃദയ സ്പർശിയായ ഒരു കാഴ്ച അനുഭവം ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകനാണ് നിങ്ങൾ എങ്കിൽ തീർച്ചയായും ഈ സിനിമ നിങ്ങൾക്കുള്ളതാണ്.
Comments