അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു ഫ്രെഞ്ച്/ അറേബ്യൻ ചലച്ചിത്രം അതീനയെ കുറിച്ചാണ് പറയുന്നത്. സിനിമ നെറ്റ്ഫ്ലിക്ക്സിൽ ലഭ്യമാണ്.
മുന്നറിയിപ്പ്: സ്പ്പോയിലർ ഉണ്ട്
ആദ്യാവസാനം കത്തിക്കുത്തും ബോംബേറും വെടിയും പുകയും തെറിവിളികളും മാത്രം.
പ്രത്യേകിച്ച് കഥയൊന്നും ഇല്ല. പാരീസിലെ സാങ്കൽപ്പിക പ്രാന്തപ്രദേശമായ അതീനയിലാണ് ഈ കഥ നടക്കുന്നത്. തൊഴിലാളിവർഗ അറബികളും ആഫ്രിക്കക്കാരുമാണ് ആ പ്രദേശത്തെ അന്തേവാസികൾ. പെട്ടെന്ന് അസ്വസ്ഥരാകുന്ന ജന വിഭാഗമാണിവിടത്തുകാർ.
13 വയസ്സുള്ള ഒരു ഫ്രഞ്ച്-അറബ് കൗമാരക്കാരൻ അതി ദാരുണമായി കൊലചെയ്യപ്പെടുന്നു. അവനെ പോലീസ് തല്ലിക്കൊന്നതായി കരുതപ്പെടുന്നു. അത് സാധൂകരിക്കുന്ന ഒരു വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. മരിച്ച വ്യക്തിയുടെ സഹോദരനും കൂട്ടാളികളും നിയമം കൈയിലെടുക്കുകയും അതീനയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു. തന്റെ സഹോദരനെ കൊന്ന പോലീസുകാരെ കണ്ടെത്തി തങ്ങളുടെ കൈയിൽ ഏൽപ്പിക്കണം ആവശ്യം ഉന്നയിച്ചാണ് അവരുടെ അക്രമം.
അക്രമം നടക്കുന്ന ഒരു പ്രദേശത്ത് കൂടി നടന്നു പോകുന്ന അനുഭവമാണ് പ്രേക്ഷകർക്ക് കിട്ടുന്നത്. എടുത്തു പറയേണ്ടത് ക്യാമറ ആണ്. ആദ്യ പതിനഞ്ച് മിനിറ്റ് നേരത്തേ സിങ്കിൾ ഷോട്ട് ഒന്ന് മാത്രം മതി ചലച്ചിത്രത്തിനെ ഇഷ്ട്ടപെടാൻ. ചില രംഗങ്ങൾ കാണുമ്പോൾ ശ്രീനിവാസന്റെ " നടി വെള്ളത്തിൽ ചാടുമ്പോൾ ക്യാമറയും കൂടെ ചാടട്ടേ" എന്ന ഡയലോഗ് ഓർമ്മ വരും. അത്ര മനോഹരമായാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ബാക്കി നിങ്ങളുടെ കാഴ്ചകൾക്കായി വിട്ടു തരുന്നു. ഒന്നര മണിക്കൂറോളം നേരം കണ്ണെടുക്കാൻ കഴിയാത്ത കാഴ്ചകളാണ് സിനിമ മുഴുവൻ. സിനിമ കാണുമ്പോൾ കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവയുടെ ഒരു ഡയലോഗ് ഓർത്തു പോകുന്നു "കല്ലേറും കത്തിക്കുത്തും
തിത്തൈതക തൈ തൈ തോം". ഈ ഡയലോഗ് 'അതീന' യെ വിശേഷിപ്പിക്കാൻ വേണ്ടി വേണേൽ "കല്ലേറും കത്തിക്കുത്തും
ബോംബേറും തെറിവിളിയും തിത്തൈതക തൈ തൈ തോം" എന്ന് ഒന്ന് മാറ്റി പറയാം.
Comments