മുന്നറിയിപ്പ്: സ്പ്പോയിലർ ഉണ്ട്.
കഥയില്ലാതെ ആട്ടം അരങ്ങിൽ നടത്തിയാൽ കാണികൾ കൈ അടിക്കില്ല. ഒരുപാട് നെഗറ്റീവ് റിവ്യൂകൾ വായിച്ചിട്ടും കേട്ടിട്ടുമാണ് ‘എലോൺ’ കാണാൻ പോയത്. ‘ലാലേട്ടൻ’ എന്ന ഒറ്റ ഘടകമാണ് എന്നെ ഈ സിനിമ കാണാൻ പ്രഹരിപ്പിച്ചതും. ആ നടന വൈഭവം എത്ര മണിക്കൂർ വേണേലും കാണാൻ എന്നിലെ പ്രേക്ഷകന് ഇഷ്ടമാണ് എന്നതാണ് വാസ്തവം. സിനിമ ലാലേട്ടന്റെ വൺമാൻ ഷോ ആണെന്ന് ട്രെയിലർ കണ്ടപ്പോഴേ പിടികിട്ടിയിരുന്നു.
ഇനി കഥയിലേക്ക് കടക്കാം. കോവിഡ് കാലഘട്ടത്തിൽ, ലോക്ക് ഡൗൺ സമയത്ത് കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ താമസത്തിന് എത്തുന്ന കാളിദാസൻ മാത്രമാണ് തിരശ്ശീലയിൽ കഥാപാത്രമായി കാഴ്ചയിൽ എത്തുന്നത്. മറ്റ് കഥാപാത്രങ്ങൾ എല്ലാം ശബ്ദ രൂപേണ ആണ് നമുക്ക് മുന്നിൽ എത്തുന്നത്. കാളിദാസന് താൻ താമസിക്കുന്ന ഫ്ലാറ്റിൽ രണ്ട് പ്രേത ആത്മാക്കളുടെ സാന്നിധ്യം അടുത്ത് അറിയാൻ സാധിക്കുന്നു. ആ ആത്മാക്കൾ തമ്മിൽ ഉള്ള സംഭാഷണങ്ങൾ കാളിദാസന്റെ കാതിൽ ഇടക്കിടെ മുഴങ്ങി കേൾക്കുന്നു. ഒന്നിലധികം രംഗങ്ങളിൽ ലാലേട്ടൻ ഞെട്ടുന്നുണ്ട് എങ്കിലും ആ ഞെട്ടൽ പ്രേക്ഷകർക്ക് കൂടി അനുഭവിക്കാൻ സാധിക്കാത്തത് സംവിധാനത്തിലെ പിഴവായി തന്നെ പറയേണ്ടിവരും.
തന്റെ ഫ്ലാറ്റിലെ ആത്മാക്കളുടെ സാന്നിധ്യത്തിന്റെ കാരണം തേടി ഉള്ള കാളിദാസന്റെ യാത്രയാണ് പിന്നീട് അങ്ങോട്ട്.
മറ്റ് എന്ത് ചേരുവകൾ ഉണ്ടെങ്കിലും കഥ അവതരിപ്പിക്കുന്ന രീതി പാളി പോയാൽ തിരശ്ശീലയിലെ കാഴ്ചകൾ അവിടെ പരാജയപ്പെടും.
തിരക്കഥ പാളിപ്പോയ കാഴ്ചകളാണ് സിനിമയിൽ എങ്ങും. ചില ഇടങ്ങളിലെ ഇഴച്ചിലും കല്ലുകടിയായി. കഥയിലെ അദൃശ്യ കഥാപാത്രങ്ങളിൽ മുഖ്യമായവരാണ് ആ രണ്ടു പ്രേത ആത്മാക്കൾ. അവരുടെ ധനഞ്ചയ ആത്മാവ് കാളിദാസനുമായി ഒരു ഘട്ടത്തിൽ അക്ഷരങ്ങളിലൂടെ ആശയവിനിമയം നടത്തുന്നുണ്ട്. കാര്യകാരണങ്ങൾ മുഴുവൻ ഇതിലൂടെ കാളിദാസനോട് അവർക്ക് പറയാം എന്നിരിക്കെ ഒരു വരിയിൽ ആശയവിനിമയം നടത്തി ആ രംഗം അവസാനിക്കുന്നത് പ്രേക്ഷകരുടെ കാഴ്ചയുടെ യുക്തിയെ ചോദ്യം ചെയ്യുന്ന പോലെ ആയി. അവിടെ സിനിമ പരാജയപ്പെട്ടു. പിന്നീട് ഉള്ള കാഴ്ചകൾ പ്രേക്ഷകൻ ‘കിളിപോയ’ അവസ്ഥയിൽ കണ്ടു തീർക്കാൻ നിർബന്ധിക്കപ്പെടുകയാണ്. കഥാവസാനം പ്രേക്ഷകരെ വിഡ്ഢികൾ ആക്കി കൊണ്ട് കാളിദാസൻ സ്ക്കീസോമാനിയ എന്ന മാനസിക വിഭ്രാന്തിക്ക് അടിമപ്പെട്ട ക്രിമിനൽ ആണ് എന്ന് കൂടി വരുത്തി വയ്ക്കുമ്പോൾ ‘എലോൺ’ അതി ഭീകരമായ ദുരന്തമായി തകർന്നടിയുന്നു. ആകെ ആശ്വാസം ക്യാമറയും, ശ്രീ കുമാർ വച്ച ഒടിയിൽ നിന്നും പതുക്കെ കരകേറുന്ന ലാലേട്ടനും മാത്രം.
‘എലോൺ’ വൻ ദുരന്തം.ലാലേട്ടന്റെ മുഴുനീള സാന്നിധ്യം മാത്രം ഏക ആശ്വാസം. ചിത്രം ഓടിടി കാഴ്ചകൾക്കും ഉതകുമൊ എന്ന ആശങ്ക പങ്കു വയ്ച്ചു കൊണ്ട് നിർത്തുന്നു
Comments